02/04/2024
എന്റെ എതിർ സ്ഥാനാർത്ഥി വേണുഗോപാൽ ആലപ്പുഴയിലെ കടലാക്രമണത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. കഴിഞ്ഞ ദിവസം മുതൽ തീരത്ത് അലയടിക്കുന്ന കടൽക്ഷോഭത്തിന് പിറകിൽ രണ്ടു കാര്യങ്ങളാണ് പ്രധാനമായിട്ടും ഉള്ളത്. ഒന്ന്, ഈ നാട്ടിലെ മുഴുവൻ മനുഷ്യർക്കും അറിയാവുന്നതുപോലെ ഖനന ലോബിയുടെ സാന്നിധ്യമാണ്. നമ്മുടെ ധാതു സമ്പത്തിന് അനധികൃതമായും നിയമവിരുദ്ധമായും കൊള്ളയടിക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് ഈ കടലാക്രമണം. കരിമണൽ കർത്തമാരെ സൃഷ്ടിച്ചെടുക്കുന്ന അന്താരാഷ്ട്ര ഖനന ബിസിനസിന്റെ തലപ്പത്തുള്ള വേണുഗോപാലാണ് ഈ കാര്യത്തിലെ ഒന്നാമത്തെ കുറ്റവാളി.
രണ്ടാമതായി, ആലപ്പുഴയുടെ 82 കിലോമീറ്റർ തീരപ്രദേശത്ത് കടൽഭിത്തി നിർമ്മിക്കാൻ കോടിക്കണക്കിന് രൂപ ഉമ്മൻചാണ്ടി സർക്കാർ വകയിരുത്തിയത് കോൺട്രാക്ടർ ലോബിക്ക് തീറെഴുതിയ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയാണ് വേണുഗോപാൽ. അത്രമേൽ അശാസ്ത്രീയമായ ഈ പ്രക്രിയയ്ക്ക് വേണ്ടി വെള്ളത്തിലൊഴുക്കുന്നതുപോലെ പണം ഒഴുക്കികളഞ്ഞ 2005 ലെ യുഡിഫ് സർക്കാരിനെതിരെ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 2005 ഫെബ്രുവരി 28ന് മാധ്യമപ്രവർത്തക ശ്രീദേവി പിള്ള "ഡൗൺ ടു എർത്തിൽ" എഴുതിയിട്ടുണ്ട്.
( ലിങ്ക് ചുവടെ: https://www.downtoearth.org.in/news/hidden-behind-sea-walls-9156)
ഇത്രയും ഗുരുതരമായ നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നിട്ട്, പാതിരാത്രി രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞുവെച്ചപ്പോൾ ഫേസ്ബുക്കിൽ കൂടി ഒഴുക്കാൻ തോന്നിയ മത്സ്യത്തൊഴിലാളി സ്നേഹം പരിഹസ്യമാണ്.
2014 തിരഞ്ഞെടുപ്പ് കാലത്ത് 'വികസന നേട്ടങ്ങൾ' എന്ന പേരിൽ വേണുഗോപാൽ പുറത്തിറക്കിയ നോട്ടീസിൽ കടൽഭിത്തി നിർമ്മിക്കാൻ പണം അനുവദിച്ചത് നേട്ടമായി കാണിക്കുന്നുണ്ട്. എന്നാൽ ഈ പണം എവിടെപ്പോയെന്നോ, ആർക്കുവേണ്ടി ചെലവഴിച്ചെന്നോ എന്നൊന്നും പറയാൻ വേണുഗോപാലിന് കഴിഞ്ഞിട്ടില്ല. തീരദേശത്തെ മനുഷ്യരെ ഇങ്ങനെ വഞ്ചിക്കുന്ന വേണുഗോപാലിനെ പോലുള്ളവരെ ജനങ്ങൾ തിരിച്ചറിഞ്ഞ് മാറ്റി നിർത്തും.
N.B: 29 വയസ്സിൽ സംസ്ഥാന മന്ത്രിയായ രമേശ് ചെന്നിത്തല തൃക്കുന്നപ്പുഴയിലെ ജനങ്ങളോട് കടൽ ഭിത്തി നിർമ്മിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ചിരിക്കണോ കരയണോ എന്ന അവസ്ഥയാണ്.
#ആലപ്പുഴയുടേശോഭ