02/07/2024
കൽക്കി 2898 AD, (2024 മൾട്ടി ലാംഗ്വേജ് ) Dystopian/sc-fi
നാഗ് അശ്വിൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത കൽക്കി ഒറ്റവാക്കിൽ പറഞ്ഞാൽ 3Dയിൽ തിയറ്ററിൽ തന്നെ കണ്ടറിയേണ്ട ഒരു ദൃശ്യ വിസ്മയമാണ്.
നന്മയും തിന്മയും, ധർമ്മവും ആധർമ്മവും തമ്മിലുള്ള യുദ്ധങ്ങളും അതിന്റെ ജയ പരാജയങ്ങളും നിറഞ്ഞ കഥകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇതിഹാസങ്ങൾ എല്ലാം.
BC 3000 ആണ്ടിൽ നടന്നതെന്ന് കരുതപ്പെടുന്ന മഹാ ഭാരത കഥയെ 2898AD യിൽ ഡിസ്റ്റോപ്പിയൻ ലോകത്ത് നടക്കാൻ പോകുന്ന കഥയുമായി മികച്ച രീതിയിൽ ബ്ലെൻഡ് ചെയ്തിരിക്കുന്ന ചിത്രം.
⚠️സ്പോയ്‌ലർ അലർട്ട് ⚠️
മഹാഭാരത യുദ്ധത്തിലെ അവസാന നാളുകളിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പാണ്ഡവ കുലത്തെ നശിപ്പിക്കാൻ വേണ്ടി അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗർഭസ്ഥ ശിശുവിന് നേരെ ദിവ്യാസ്ത്രം തൊടുക്കുന്ന അശ്വത്ഥാമാവിനെ ശ്രീകൃഷ്ണൻ മരണം ഭിക്ഷയായി യാചിക്കാൻ ഇടവരട്ടെ എന്ന് ശപിക്കുകയാണ്, ദൈവം ഇനിയും ഭൂമിയിൽ അവതരിക്കുമ്പോൾ അതിന്റെ രക്ഷകനായി അശ്വത്ഥാമാവ് മാറിയാൽ മാത്രമാണ് അയാൾക്ക് ശാപമോക്ഷം. ശിരസ്സിലെ ചൂഡാമണിയും നഷ്ടമാക്കി ഏറ്റു വാങ്ങിയ ശാപവുമായി മോക്ഷത്തിനായി സഹസ്രാബ്ദങ്ങൾ മരണമില്ലാത്ത കാത്തിരിക്കുന്ന അശ്വത്ഥാമാവ്....!
ആറായിരം വർഷങ്ങൾ കടന്ന് പോയിരിക്കുന്നു, 2898 AD, ഭൂമിയിലേ എല്ലാ നഗരങ്ങളും, നാഗരികതയും, മാനവികതയും തീർത്തും ഇല്ലാതായിക്കൊണ്ട് ഇരിക്കുന്നു. ഒരു തുള്ളി ജലം പോലുമില്ലാതെ ഗംഗ വറ്റി വരണ്ടിരിക്കുന്നു, ഭൂമിയിൽ ഇനി ശേഷിക്കുന്നത് ആദ്യത്തെയും അവസാനത്തെയുമായ നഗരമായ കാശി, അതിസമ്പന്നരും ലോകത്തെ നിയന്ത്രിക്കുന്നവരുമായ ജനങ്ങൾ പാർക്കുന്ന കോംപ്ലക്സ്, അവിടേക്ക് ഊഴം കാത്തു പോയിന്റുകൾ എണ്ണിക്കൂട്ടി കാത്തിരിക്കുന്ന ഒരു വിഭാഗം പിന്നെ ഭൂമിയിൽ മാനവികത നില നിർത്താനും തിന്മയെ നേരിടാൻ വേണ്ടി വരുന്ന അവതാര ജന്മത്തിന് സൗകര്യമൊരുക്കാനും, രക്ഷക്കും വേണ്ടി പോരാടുന്ന, യോദ്ധാക്കളുടെ വിശുദ്ധ പാത എന്നർത്ഥം വരുന്ന ഷമ്പാല നിവാസികളും ആണ്.
സഹസ്രാബ്ദങ്ങൾ കഴിയുമ്പോൾ ഉണ്ടാകുന്ന വിശുദ്ധ പിറവിക്ക് സൂചനകൾ ലഭ്യമായിരിക്കുന്നു. ആ ദിവ്യ ഗർഭം പേറുന്ന സ്ത്രീയേ സംരക്ഷിക്കാൻ വേണ്ടി ഇറങ്ങുന്ന ഷമ്പാള നിവാസികളും, ആ ഉദരത്തിൽ നിന്നും സിറം എടുത്ത് യൗവ്വനം വീണ്ടെടുക്കാൻ കാത്തിരിക്കുന്ന കോംപ്ലെക്സിന്റെ ഇപ്പോഴത്തെ സർവ്വാധിപൻ സുപ്രീം യാസിൻ....! ഇതെല്ലാം കൂടി ചേർന്ന് പ്രേക്ഷകന് കൊടുക്കുന്ന വിസ്മയ കാഴ്ചയാണ് കൽക്കി.
സിനിമയുടെ യഥാർത്ഥ കഥയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ആദ്യപകുതി നന്നായി ലാഗ് ഉണ്ടാക്കുന്നുണ്ട്, കൂടെ പ്രഭാസിന്റെ കോമഡി കൂടി ആകുമ്പോൾ അത് അതിന്റെ പാരമ്യതയിൽ എത്തുന്നുണ്ട്. പക്ഷെ ഇടവേളയോട് അടുക്കുമ്പോൾ വീണ്ടും സിനിമ പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുകയും അതിനു ശേഷം അത്യുഗ്രനായൊരു രണ്ടാം പകുതിയും ക്ലൈമാക്സിനോട് അടുക്കുന്ന 45 മിനിറ്റ് ആക്ഷനും ട്വിസ്റ്റും എല്ലാം ചേർത്ത് മാക്സിമം അഡ്രിനാലിൻ റഷ് പമ്പ് ചെയ്യുന്നുണ്ട് പ്രേക്ഷകനിലേക്ക്.
ആദ്യ പകുതിയിൽ പ്രഭാസിന്റെ തോളിലേറി കിതച്ചു കൊണ്ട് പോകുന്ന സിനിമയ്ക്കു ജീവൻ ലഭിക്കുന്നത് അമിതാഭ് ബച്ചന്റെ അശ്വത്ഥാമാവിലൂടെയാണ്, തനിക്കൊപ്പം സ്ക്രീൻ പങ്കിടുന്നവരെയെല്ലാം പ്രകടനം കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും ഒരുപാട് പിന്നിലാക്കി അജ്ജയ്യനെന്നു തോന്നിപ്പിക്കുന്ന പ്രകടനം.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ചിലവറിയ സിനിമ താര സമ്പന്നവുമാണ്. അമിതാഭ് ബച്ചൻ, കമൽ ഹസ്സൻ, ശാശ്വത ചാറ്റർജി, പ്രഭാസ്, പശുപതി, ദുൽക്കർ, വിജയ് ദേവര് കൊണ്ട, അനിൽ ജോർജ്, ശോഭന, ദീപിക പാദൂകോൺ, അന്ന ബെൻ ഇങ്ങനെ ഇന്ത്യൻ സിനിമയിലെ ഒട്ട് മിക്ക അഭിനേതാക്കളെയും ഒന്നിപ്പിച്ചിരിക്കുന്നു . കൂടാതെ രാജ മൗലിയും രാം ഗോപാൽ വർമ്മയും അത്ര പ്രാധാന്യമില്ലാത്ത റോളുകളിൽ വന്ന് പോകുന്നുമുണ്ട്.
ജോർജ് ഇസ്റ്റോയീക്കവിച്ച് എന്ന സെർബിയക്കാരനാണ് കൽക്കിയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്, സംഗീതം സന്തോഷ് നാരയാൺന്റെയാണ്. മഗധീര, ഈഗ, ബാഹുബലി സീരീസ് എന്നീ വിസ്മയ സിനിമകളുടെ എഡിറ്റിംഗ് നിർവഹിച്ച കൊട്ടഗിരി വെങ്കിടേശ്വര റാവുവാണ് കൽക്കിയുടെയും എഡിറ്റിംഗ്.
പോരായ്മ തോന്നിയത് ചില ഇടങ്ങളിൽ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനിങ്ങ് അഥവാ കലാ സംവിധാനമാണ്, ഫ്യൂച്ചറിസ്റ്റിക് ആയുള്ള കഥയിലെ ചില കാര്യങ്ങൾ മികച്ച രീതിയിൽ ഡിസൈൻ ചെയ്തപ്പോഴും ആധുനിക കാലത്തെ വാഹനങ്ങളും, ആയുധങ്ങളുമൊക്കെ ചിലയിടത്ത് അവഗണിച്ച് വിടാമെന്ന മട്ടിലുള്ള ഒരു പോരായ്മ തോന്നിക്കുന്നുമുണ്ട്.
ആദ്യ ഭാഗം കണ്ട് കഴിയുമ്പോൾ നാഗ് അശ്വിൻ ഒന്ന് പ്രേക്ഷകനോട് ഉറപ്പിച്ച് പറയുന്നുണ്ട് കണ്ടത് വെറും സാബിൾ വെടിക്കെട്ട് അല്ലെങ്കിൽ കൽക്കി യൂണിവേഴ്‌സിനെ പറ്റിയുള്ള ഇൻട്രോ മാത്രമാണ് യഥാർത്ഥ സംഭവം ലോഡിങ്, Wait & See.
സാങ്കേതിക പരമായും, ക്വാളിറ്റി കൊണ്ടും ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത ഒരു മികച്ച കലാശൃഷ്ടി അതിന്റെ എല്ലാ മേൻമയിലും ആസ്വദിക്കുന്ന ഒരു യഥാർത്ഥ സിനിമ സ്നേഹിയാണ് നിങ്ങളെങ്കിൽ ടിക്കറ്റെടുക്കാം കൽക്കിക്ക്. അല്ലാ എങ്കിൽ തിയറ്റർ എക്സ്പീരിയൻസിന്റെ 100ൽ ഒരംശം മാത്രം തരുന്ന OTT കാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കാം.
റേറ്റിംഗ് 4/5
വാൽക്കഷണം : ഡിസ്റ്റോപ്പിയൻ- സയൻസ് ഫിക്ഷൻ എന്നൊരു ജോണർ ആണ് സിനിമ. സ്വേച്ഛാധിപത്യം, തിന്മയുടെ ജയവും, കഷ്ടപ്പാടുകളും, അനീതിയും ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കാലത്തെ കഥ പറയുന്ന രീതി ആണ് ഡിസ്റ്റോപ്പിയൻ എന്നത്.
✍️𝔹𝕀ℙ𝕀ℕ 𝔼𝕃𝕀𝔸𝕊 𝕋ℍ𝔸𝕄ℙ𝕐