29/04/2020
ഇർഫാൻ ഖാൻ
1967 ജനുവരി 7 നു രാജസ്ഥാനിലെ ജയ്‌പ്പൂരിൽ യാസീൻ അലി ഖാന്റെയും സഈദ ബീഗം ഖാന്റെയും മകനായി ജനിച്ചു.
അഭിനയ മോഹവുമായി മുംബൈയിലേക്ക് വണ്ടി കയറിയ ഇർഫാൻ ഖാൻ ഒരുപാടു ടെലിവിഷൻ സീരിയലുകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ തന്റെ അഭിനയം തുടങ്ങുകയും പ്രമുഖ ധാരയിലേക്ക് എത്തിപ്പെടുകയും ചെയ്തു. 1988ൽ സലാം ബോംബെ എന്ന മീര നായർ ചിത്രത്തിലൂടെ ചെറിയൊരു വേഷത്തിൽ ബിഗ് സ്‌ക്രീനിൽ എത്തിയ ഇർഫാൻഖാൻ ഒരുപാടു വർഷത്തെ കഠിന പ്രയത്നത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ പേര് എഴുതി ചേർക്കുകയായിരുന്നു. പാൻ സിംഗ് ടോമർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. തന്റെ സ്വദസിദ്ധമായ അഭിനയ പാടവം അദ്ദേഹത്തെ ഇന്ത്യൻ സിനിമയിൽ നിന്നും ലോക സിനിമയിലേക്ക് എത്തിച്ചേരാൻ സഹായകമായി. 2017 ൽ പുറത്തിറങ്ങിയ ഹിന്ദി മീഡിയം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫയർ അവാർഡ് അദ്ദേഹം കരസ്ഥമാക്കി.2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2020 ൽ ചിത്രീകരിച്ച അൺഗ്രെസി മീഡിയം ആണ് അദ്ദേഹത്തെ അവസാനമായി വെള്ളിത്തിരയിൽ കണ്ട ചിത്രം. 1985 മുതൽ 2020 വരെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചു.
2018 മുതൽ ന്യൂറോഎൻഡോക്രൈൻ എന്ന കാൻസറിനോട് പൊരുതാൻ തുടങ്ങിയ ഇർഫാൻഖാൻ 2020 ഏപ്രിൽ 29 നു തന്റെ 53 മം വയസ്സിൽ ഈ ലോകത്തു നിന്നും ചായങ്ങൾ അഴിച്ചു വച്ചു യാത്രയായി.
ഇന്ത്യൻ സിനിമയുടെ തീരാ നഷ്ടങ്ങളിൽ ഒന്ന് കൂടി.