05/09/2026
മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമായ L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്.
ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.
മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുക്കുന്നത്.
പാൻ-ഇന്ത്യൻ ചിത്രം ‘ധുരന്തർ’-ന്റെ വൻ വിജയത്തിന് ശേഷം പ്രശസ്ത സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവ് ‘ഓപ്പറേഷൻ ഗംഗ’യുടെ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തർ’, ‘കിൽ’ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.
ഛായാഗ്രഹണം - മിറോസ്ലാവ് കുബ ബ്രോസെക്, സംഗീതം - ശാശ്വത് സച്ച്ദേവ്, ആക്ഷൻ ഡയറക്ഷൻ - സീ യങ് ഓ, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ - ബിഷ്വദീപ് ചാറ്റർജി, വിഎഫ്എക്സ് സൂപ്പർവിഷൻ - കെ. വി. സഞ്ജിത്, മിലിട്ടറി അഡ്വൈസർ - സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, കോസ്റ്റ്യൂം ഡിസൈൻ - മെൽവി ജെ, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ- ശബരി, വാഴൂർ ജോസ്.